Members Registration

ദേശത്തെ കുറിച്ച് ...

കാവശ്ശേരി ദേശം പ്രാചീനതയുടെ ഗന്ധം മുറ്റി നില്‍ക്കുന്ന അഗ്രഹാരങ്ങളും ദാനധര്‍മ്മാതികളില്‍ ലോപം കാണിക്കാത്ത രാജപ്രൌഢിയുടെ വേരുകള്‍ നിലനില്‍ക്കുന്ന "ഇട"ങ്ങളും, കൈത്തൊയിലിന്റെയും നാടന്‍ കലാരൂപങ്ങളുടെയും കുലപതികള്‍ ജീവിച്ചിരുന്ന വിവിധ സമുദായ തെരുവീഥികളും ഹതകാല സ്മരണകള്‍ ഉയര്‍ത്തുമ്പോള്‍ ഇവക്കൊക്കെ നിദാനമായിട്ടുള്ളത്, ദേശത്തിന്റെ താങ്ങും തണലുമായ ശ്രീ.പരയ്ക്കാട്ട്‌ അംബികയാണ്. നൂറ്റാണ്ടുകളുടെ പഴക്കവും അതി പുരാതന ഐതീഹ്യങ്ങളും ആശ്രിതര്‍ക്ക്‌ ലഭിച്ച അനുഗ്രഹവരദാനങ്ങളും പഴമയുടെ ആദ്ധ്യാത്മികഭാവം നിലനിര്‍ത്തുന്നു.

കാനനബന്ധത്താല്‍ പ്രകൃതിയെ പുല്‍കി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ദേശത്തിന്റെ ഊര്‍ജ്ജ ശ്രോതസ്സായി മാനവികതയുടെ മനസ്സില്‍ ഭക്തിയുടെ പരിവേഷം ചാര്‍ത്തി നില്‍ക്കും ശ്രീ.പരയ്ക്കാട്ടമ്മയുടെ പൂരമഹോത്സവം വീണ്ടും ഇതാ വന്നു...... വിരസതയാര്‍ന്ന ജീവിത വൃത്തികളില്‍ മനം നൊന്ത ഭക്തന് ആശ്വാസമായ്‌ ഉണര്‍വ്വായി അമ്മയുടെ തിരുമുല്‍കാഴ്ചയായ്‌ കാവശ്ശേരി പൂരമഹോത്സവത്തിന് ദേശ നിവാസികള്‍ ആവേശപൂര്‍വ്വം ഉണര്‍ന്ന് കഴിഞ്ഞു.

ഉത്സവ വിഭാവങ്ങളായി ദേവസ്വത്തിന്റെ പ്രൌഡമായ ഗജനിരയും വാദ്ധ്യാഘോഷവും, ആനച്ചമയങ്ങളും, ക്ഷേത്രാലങ്കാരങ്ങളും, വിവിധ ദേശ സമുദായങ്ങളുടെ കൂടിചേരലും , വിണ്ണില്‍ വര്‍ണ്ണം തീര്‍ക്കും വെടിക്കെട്ടും, ആരാധനയുടെ പ്രതീകങ്ങളായ ദേശകുതിരകളുടെ അകമ്പടിയും, ദേശവാദ്യവും , കാവശ്ശേരി ദേശം ഒരുക്കുന്ന 4 ദിവസത്തെ പ്രത്യേക കലാ വിരുന്നും എല്ലാം ചേര്‍ന്ന്‍ കാവശ്ശേരി പൂരമഹോത്സവം ആഘോഷിക്കുന്ന ഈ സുദിനത്തില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. മുന്‍ വര്‍ഷത്തില്‍ പൂരമഹോത്സവത്തിന് സഹായസഹകരണങ്ങള്‍ നല്‍കിയ ദേശനിവാസികള്‍ക്കും നാട്ടുകാര്‍ക്കും , ദുബായ്‌ സപ്പോര്‍ട്ടിംഗ് കമ്മറ്റിയും മറ്റു സ്റ്റേറ്റുകളിലെ കാവശ്ശേരിയിലെ മാന്യ ഭക്തര്‍ക്കും, പ്രത്യക്ഷമായും, പരോക്ഷമായും സഹായഹസ്തങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും കാവശ്ശേരി ദേശം പൂരകമ്മിറ്റിയുടെ അകമഴിഞ്ഞ നന്ദിയും , ദേവീകൃപയും ഉണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നും ഏവരുടെയും അകമഴിഞ്ഞ സഹകരണവും സാനിധ്യവും പ്രതീക്ഷിക്കുന്നു.

English Page